
കേരള സ്കിൽ ഫെസ്റ്റിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിക്ക് ചരിത്രനേട്ടം
രണ്ട് തത്സമയ മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയതിനു പുറമെ, ആകെ 25 പോയിന്റുമായി സംസ്ഥാനത്ത് രണ്ടാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി
കൊയിലാണ്ടി: പാലക്കാട് നടന്ന കേരള സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല സ്കിൽ ഫെസ്റ്റിൽ മികച്ച നേട്ടവുമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗം. രണ്ട് തത്സമയ മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയതിനു പുറമെ, ആകെ 25 പോയിന്റുമായി സംസ്ഥാനത്ത് രണ്ടാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കി.എൽ.ഇ.ഡി ബൾബ് നിർമ്മാണം, പ്ലംബിങ് ഡിസൈനിങ് എന്നീ ഇനങ്ങളിൽ രണ്ടാം വർഷ പി.ജി.എൽ വിദ്യാർത്ഥികളായ അമൽദേവ് ബി.ആർ, ഋതുരാജ് പി.കെ എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഇവരുടെ മികച്ച പ്രകടനമാണ് സ്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചത്.

ഇന്നൊവേഷൻ പ്രദർശന വിഭാഗത്തിൽ രണ്ടാം വർഷ ടി.ടി.ഐ വിദ്യാർത്ഥികളായ അനുഗ്രഹ്, അനുവിന്ദ് എന്നിവർ എ ഗ്രേഡ് നേടി സ്കൂളിന്റെ വിജയത്തിൽ പങ്കാളികളായി.നേട്ടത്തിൽ പ്രിൻസിപ്പൽ, പി.ടി.എ, എസ്.എം.സി,എസ് എസ് ജി,അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ സന്തോഷം പങ്കുവെച്ചു. വിജയികളായ വിദ്യാർത്ഥികളെയും പരിശീലകരായ മൻസൂർ, സഗീർ, ശ്രീധന്യാഭായ് എന്നിവരെയും മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു
