കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഓണനിറവിൽ ആഘോഷത്തിമിർപ്പ്

കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഓണനിറവിൽ ആഘോഷത്തിമിർപ്പ്

  • ശ്രീലാൽ പെരുവട്ടൂർ

ഓണത്തിന്റെ കേരളീയ തനിമയും നിറപ്പകിട്ടും നിറച്ച് കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ ഓണാഘോഷം മനോഹരമായി അരങ്ങേറി. രാവിലെ മുതൽ കേരളീയ വസ്ത്രങ്ങളുടെ വർണവൈവിധ്യവുമായി അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ എത്തിത്തുടങ്ങിയതോടെ ക്യാമ്പസ് തന്നെ ഒരു ഓണക്കാഴ്ചയായി മാറി.

വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങളും മനോഹരമായ കളർ കോഡുകളും അണിഞ്ഞെത്തിയ കുട്ടികൾ ആഘോഷത്തിമിർപ്പിലായിരുന്നു. പഞ്ചാരിമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും താളം സ്കൂൾ അങ്കണത്തെ ആവേശഭരിതമാക്കിയപ്പോൾ, അധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നത് ഓണാഘോഷത്തിന് ഇരട്ടിമധുരമായി.

കുട്ടികൾ ഒരുക്കിയ മനോഹരമായ പൂക്കളവും മാവേലി വേഷവും സ്കൂൾ അങ്കണത്തിന് നയനമനോഹരമായ ഭംഗി പകർന്നു. പാട്ടും നൃത്തവും ചിരിയും കളിയുമായി ഓണത്തിന്റെ സന്തോഷം കുട്ടികൾ പരസ്പരം പങ്കുവെച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഒരേ മനസ്സോടെ ഒത്തുചേർന്നപ്പോൾ സ്കൂൾ ഒരു വലിയ കുടുംബമായി മാറുകയായിരുന്നു.

ഓണസദ്യയുടെ മധുരം പകരുന്ന പായസത്തോടുകൂടിയ സദ്യയും ഒരുക്കിയതോടെ ആഘോഷത്തിന് പൂർണതയായി. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്ന ഈ ഓണാഘോഷം കൊയിലാണ്ടി ജിവിഎച്ച്എസ്എസിന്റെ ഓർമ്മകളിൽ എന്നും നിറമുള്ള ഒരു അധ്യായമായി മാറി.ശ്രീലാൽ പെരുവട്ടൂർ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )