
കൊയിലാണ്ടി മണമലിൽ പെരുമ്പാമ്പ് വളർത്തുപൂച്ചയെ വിഴുങ്ങി; നാട്ടുകാർ ആശങ്കയിൽ
- മണമൽ ആയിശു ഉമ്മയുടെ വീട്ടിൽ നിന്നാണ് സർപ്പ വളണ്ടിയർ പ്രതീഷ് നന്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്
കൊയിലാണ്ടി: മണമൽ ദർശനമുക്കിൽ പെരുമ്പാമ്പ് വളർത്തുപൂച്ചയെ വിഴുങ്ങിയ സംഭവം പ്രദേശത്ത് ആശങ്ക പരത്തി. മണമൽ ആയിശു ഉമ്മയുടെ വീട്ടിൽ നിന്നാണ് സർപ്പ വളണ്ടിയർ പ്രതീഷ് നന്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടിയത് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതേ പ്രദേശത്ത് നിരവധി പെരുമ്പാമ്പുകളെ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു. വന്യജീവികളുടെ ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും ഭക്ഷണത്തിനായുള്ള തിരച്ചിലുമാകാം പെരുമ്പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്താൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇന്നലെ കുറുവങ്ങാട് മേഖലയിൽ മയിലിനെ വിഴുങ്ങാൻ ശ്രമിച്ച മറ്റൊരു പെരുമ്പാമ്പിനെയും പ്രതീഷ് നന്തിയാണ് പിടികൂടിയത്.

തുടർച്ചയായി പെരുമ്പാമ്പുകൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ പ്രദേശവാസികളിൽ ആശങ്ക വർധിച്ചിരിക്കുകയാണ്. പെരുമ്പാമ്പ് ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
