
“ഞങ്ങളുടെ സങ്കൽപ്പത്തിലെ നാലാം വാർഡ്” സ്ഥാനാർത്ഥികൾക്ക് വികസന നിർദ്ദേശ പത്രിക കൈമാറി വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ
- സ്കൂളിൽ വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ പേനകൾ നൽകി സ്ഥാനാർത്ഥികളെ കുട്ടികൾ സ്വീകരിച്ചു
ചിങ്ങപുരം: മൂടാടി പഞ്ചായത്തിലെ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന നാലാം വാർഡിൻ്റെ വികസനം എങ്ങനെ വേണമെന്ന കുട്ടികളുടെ കാഴ്ചപ്പാട് ‘വികസന നിർദ്ദേശ പത്രികയാക്കി’ തയ്യാറാക്കി വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ നൽകി. സ്കൂളിൽ വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ പേനകൾ നൽകി സ്ഥാനാർത്ഥികളെ കുട്ടികൾ സ്വീകരിച്ചു. നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നിരന്തരമായി ഏറ്റെടുത്ത് വരുന്ന പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങളുടെ ചുവട് പിടിച്ച് വാർഡിലെ മുഴുവൻ വീടുകളിലും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി ആരംഭിക്കണമെന്നും, 2018 ൽ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ ഹോം ലൈബ്രറി വിദ്യാലയമായി മാറിയ വന്മുകംഎളമ്പിലാട് എം.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിലെ കുടുംബങ്ങളുടെ വായനാ ശീലം രൂപപ്പെടുത്താൻ വാർഡിൽ ഒരു പൊതു ലൈബ്രറി സ്ഥാപിക്കണമെന്നും, വാർഡിൽ രൂക്ഷമായ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും, നാലാം വാർഡ് മാലിന്യ മുക്തമാക്കാൻ പൊതു ഇടങ്ങളിൽ വെയ്സ്റ്റ് ബിൻ സ്ഥാപിക്കണമെന്നതടക്കമുള്ള പത്തോളം സുപ്രധാന നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് കുട്ടികൾ വികസന നിർദ്ദേശപത്രിക തയ്യാറാക്കിയത്.

നാലാം വാർഡിൽ മത്സരിക്കുന്ന മൂന്ന് സ്ഥാനാർത്ഥികളെയും സ്കൂളിലേക്ക് ക്ഷണിച്ച് കുട്ടികൾ തങ്ങളുടെ വാർഡ് വികസന സങ്കൽപ്പം പങ്കു വെക്കുകയും, നിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തു. സ്കൂൾ ലീഡർ എം.കെ. വേദ വികസന നിർദ്ദേശ പത്രിക കൈമാറി. സ്ഥാനാർത്ഥികളായ അനസ് അണ്യാട്ട്, പി.വി.കെ.അഷ്റഫ്, പി.സ്മിനു എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. തുടർന്ന് സ്ഥാനാർത്ഥികൾ കുട്ടികളുമായി സംവദിച്ചു. വാർഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടാൽ കുട്ടികളുടെ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് പ്രവർത്തിക്കുമെന്ന് സ്ഥാനാർത്ഥികൾ ഉറപ്പ് നൽകി. സ്ഥാനാർത്ഥികളായ ശേഷം ആദ്യമായിട്ടാണ് ഇ ത്തരത്തിലൊരു വികസന നിർദ്ദേശപത്രിക ലഭിക്കുന്നതെന്നും, കൊച്ചു വിദ്യാർത്ഥികളുടെ ഏറ്റവും സാമൂഹ്യ പ്രതിബദ്ധതയുള്ളതും, മാതൃകാപരവുമായ ഇടപെടലാണിതെന്നും സ്ഥാനാർത്ഥികൾ പറഞ്ഞു. പരിസ്ഥിതി ക്ലബ്ബ് ലീഡർ എസ്. അദ്വിത അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളായ എ.എസ്. ശ്രിയ, മിലൻ രാഗേഷ്, എസ്.ആദിഷ്, റെന ഫാത്തിമ, മുഹമ്മദ് റയ്യാൻ, അലൈന നൗമി, എന്നിവർ പ്രസംഗിച്ചു. നേരത്തെ പാർലമെൻ്റ് മാതൃകയിൽ, യഥാർത്ത തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി ഈ വിദ്യാലയം ശ്രദ്ധ നേടിയിരുന്നു.
