
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളുമായി പോലീസ്
- ചുരത്തിലും വ്യൂ പോയിന്റുകളിലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ല.
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളുമായി പോലീസ്. ചുരത്തിലെ വ്യൂ പോയിന്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായി നിരോധിച്ചു. ചുരത്തിലും വ്യൂ പോയിന്റുകളിലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ചുരം റോഡിൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ലെന്നും പോലീസ് അറിയിച്ചു. ഓണാവധിക്കാലത്ത് വയനാട്, ഗുണ്ടൽപേട്ട്, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്കും ചുരത്തിലെ 6, 7, 8 വളവുകളിൽ നടക്കുന്ന റോഡ് വീതികൂട്ടൽ പ്രവൃത്തികളുമാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായത്.

തിരക്ക് പ്രമാണിച്ച് ഓഗസ്റ്റ് 28 വരെ നിയന്ത്രണം തുടരും. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി
