
രാജ്യത്തെ ഫാർമസികൾ സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലേക്ക്; ഉത്തരവ് പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
- മരുന്ന് വിൽപനയിലെ സുതാര്യത ഉറപ്പാക്കുകയും അനധികൃത വിൽപന തടയുകയുമാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ഷോപ്പുകളിലെ മരുന്നുകളുടെ വിതരണം സിസിടിവി നിരീക്ഷണത്തിലാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയത്. 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്താനാണ് നിർദേശം. മരുന്ന് വിൽപനയിലെ സുതാര്യത ഉറപ്പാക്കുകയും അനധികൃത വിൽപന തടയുകയുമാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.പുതിയ നിയമംപ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളും സിസിടിവി ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ടി വരും.

എന്നാൽ ഹോൾസെയിൽ മരുന്ന് വ്യാപാരികളെ ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.മെഡിക്കൽ ഷോപ്പുകളിൽ സിസിടിവി സംവിധാനം സ്ഥാപിക്കുകയും അവയുടെ പരിപാലനം ഉറപ്പാക്കുകയും ചെയ്യുത്തതിനോടൊപ്പം റെക്കോർഡ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സൂക്ഷിച്ചുവെക്കണമെന്നും പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പറയുന്നുണ്ട്.കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ഫാർമസി സംഘടനകൾക്കും തങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.ഇതിനുശേഷമായിരിക്കും ഔദ്യോഗിക ഗസറ്റ് വഴി നിയമം അന്തിമമായി നടപ്പിലാക്കുക. മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതായും അശാസ്ത്രീയമായ സ്വയംചികിത്സയും മറ്റും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി സർക്കാരിന് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
