
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും.
- ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്.
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും. ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ എത്തുക.ദക്ഷിണാഫ്രിക്കയിലെ റഷ്യൻ എംബസി ആണ് പുടിന്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദില്ലിയിൽ നടന്ന ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിലും പുടിൻ പങ്കെടുത്തിരുന്നു. ഇതോടെ ഒരുവർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുക. ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയിൽ പുടിൻ പങ്കെടുക്കുമെന്ന് റഷ്യൻ ഭരണകൂടത്തിന്റെ വാർത്താ ഏജൻസിയായ ടാസും റിപ്പോർട്ട് ചെയ്തു.അതേസമയം പുടിന്റെ സന്ദർശനത്തിനിടെ നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ മാസം ആദ്യം റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇന്ത്യയിൽ എത്തിയിരുന്നു. ദില്ലിയിൽ നടന്ന ദ്വിദിന ബ്രിക്സസ് അംഗങ്ങളുടെ കോൺക്ലേവിൽ സെർജി ലാവ്റോവ് പങ്കെടുത്തിരുന്നു. ഇറാൻ – യുഎസ് സംഘർഷത്തിൽ ഇന്ത്യയ്ക്ക് ദീർഘകാലത്തേക്ക് മധ്യസ്ഥത വഹിക്കാൻ കഴിയുമെന്ന് സെർജി ലാവ്റോവ് വ്യക്തമാക്കിയിരുന്നു.
