
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ
- ഉപരോധമെന്ന പേരിൽ യുഎസ് കടൽക്കൊള്ളയും മോഷണവുമാണ് നടത്തുന്നതെന്ന് ഐആർജിസി ആരോപിച്ചു
തെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ. യുഎസിന്റെ വിശ്വാസ്യത നഷ്‌ടപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് ഇറാൻ വിശദീകരിക്കുന്നു. യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ഉടൻ പിൻവലിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ രണ്ടാംവട്ട സമാധാന ചർച്ച ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പും നൽകി. വരണ്ട ചർച്ചകൾക്കായി സമയം നഷ്ടപ്പെടുത്താൻ ഇല്ലെന്നാണ് ഇറാന്റെ നിലപാട്. ഇക്കാര്യം മധ്യസ്ഥത വഹിക്കുന്ന പാകിസ്താനെ അറിയിച്ചതായും ഇറാൻ വ്യക്തമാക്കി. ഹോർമുസ് പൂർവസ്ഥിതിയിലേക്ക് മടങ്ങുകയാണെന്നാണ് ഇറാന്റെ ഐആർജിസി ഇന്ന് പ്രഖ്യാപിച്ചത് ഉപരോധമെന്ന പേരിൽ യുഎസ് കടൽക്കൊള്ളയും മോഷണവുമാണ് നടത്തുന്നതെന്ന് ഐആർജിസി ആരോപിച്ചു.

ഇക്കാരണത്താൽ ഹോർമുസ് പൂർവസ്ഥിതിയിലേക്ക് മടങ്ങും. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ സായുധസേനയുടെ കർശനമായ നിയന്ത്രണത്തിലായിരിക്കും. ഇറാനിലേക്കുള്ളതും ഇറാനിൽ നിന്നുള്ളതുമായ കപ്പലുകൾക്ക് പൂർണ സഞ്ചാര സ്വാതന്ത്ര്യം യുഎസ് അനുവദിക്കും വരെ ഹോർമുസിലെ സ്ഥിതി തുടരും -ഐആർജിസിയുടെ ജോയിന്റ് മിലിറ്ററി കമാൻഡ് പ്രസ്‌താവനയിൽ പറഞ്ഞു.
