
വായനയും എഴുത്തും വിദ്യാർത്ഥികളുടെ കരുത്ത്: നിമ്ന വിജയ്
- പന്തലായനി ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം ഉൾപ്പെടെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം മലയാളത്തിലെ യുവ എഴുത്തുകാരി നിമ്ന വിജയ് നിർവഹിച്ചു.
കൊയിലാണ്ടി:പന്തലായനി ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം ഉൾപ്പെടെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം മലയാളത്തിലെ യുവ എഴുത്തുകാരി നിമ്ന വിജയ് നിർവഹിച്ചു. എന്നെ ഞാനാക്കിയത് വിദ്യാർത്ഥിക്കാലത്തെ പുസ്തക വായനയാണെന്നും, അന്നത്തെ അനുഭവങ്ങൾ മാത്രമാണ് തന്നെ ഒരു എഴുത്തുകാരിയാക്കിയതെന്നും നിമ്ന വിജയ് പറഞ്ഞു. തൻ്റെ രചനകളെ വായനക്കാർ സ്വീകരിക്കുന്നത്, പുതിയ തലമുറ ആവശ്യപ്പെടുന്ന അനുഭുതികൾ തൻ്റെ പുസ്തകങ്ങൾ സമ്മാനിക്കുന്നതു കൊണ്ടാണെന്നു അവർ പറഞ്ഞു.ജീവിതത്തിൽ സന്തോഷം ലഭിക്കുന്നത് അവനവനെ സ്നേഹിച്ച് ,സ്വന്തം ഇഷ്ടങ്ങൾക്ക് പുറകെ സഞ്ചരിക്കുമ്പോഴാണെന്നും അവർ ഓർമ്മപ്പെടുത്തി.ചടങ്ങിൽ സാഹിത്യ ക്വിസ് മത്സരത്തിൽ സമ്മാനാർഹരായ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമുള്ള ഉപഹാരങ്ങൾ നൽകി. തൻ്റെ രചനകളെക്കുറിച്ചും എഴുത്തിൻ്റെ നാൾ വഴികളെ കുറിച്ചും അവർ കുട്ടികളുമായി സംവദിച്ചു.

ഹൈസ്കൂൾ എച്ച്.എം. സ്മിത ശ്രീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ബീനപൂവ്വത്തിൽ അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി എം.കെ സ്മിത, ഡി.എച്ച്.എം. പി രാഗേഷ് കുമാർ , ശ്രീമതി ഗജിഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.വിദ്യാരംഗം കൺവീനർ ശ്രീന പി.വി. നന്ദി പറഞ്ഞു.
