
കർക്കിടകം ഒന്ന്: രാമായണമാസത്തിന്റെ ഭക്തിസാന്ദ്രമായ തുടക്കം
- ശ്രീലാൽ പെരുവട്ടൂർ
ഇന്ന് കർക്കിടകം ഒന്ന്. മലയാളികളുടെ വിശ്വാസജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള രാമായണമാസത്തിന്റെ ആരംഭദിനം. ഒരു മാസം മുഴുവൻ വീടുകളിലും ക്ഷേത്രങ്ങളിലും ഭക്തിയും പ്രാർഥനയും നിറഞ്ഞ അന്തരീക്ഷമാണ്.
പണ്ടുമുതൽ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന ഒരു മനോഹരമായ ആചാരമാണ് വീട്ടിലേക്ക് ശ്രീഭഗവതിയെ ഭക്തിപൂർവം സ്വീകരിക്കുന്ന ചടങ്ങ്. കർക്കിടകം ഒന്നിന് രാവിലെ സ്ത്രീകൾ കുളിച്ച് ശുദ്ധിയായി ഒരു പലകയിലോ പീഠത്തിലോ ഭസ്മം തൊട്ട് ഒരുക്കം നടത്തുന്നു. അതിനുമുകളിൽ രാമായണഗ്രന്ഥം, കണ്ണാടി, കണ്മഷി, കുങ്കുമം, വസ്ത്രം, നാണയം, തുളസി, അഷ്ടമംഗല്യവസ്തുക്കൾ, നിറപറ, വെറ്റില, അടയ്ക്ക തുടങ്ങിയ മംഗളസൂചക വസ്തുക്കൾ ഭക്തിയോടെ വയ്ക്കുന്നു. വീടിന്റെ മച്ചിലോ പൂജാമുറിയിലോ നിലവിളക്ക് കൊളുത്തി അതിന് പിന്നിലായാണ് ഈ വിശേഷ ഒരുക്കങ്ങൾ നടത്തുന്നത്.
രാവിലെ കൊളുത്തിയ നിലവിളക്ക് വൈകുന്നേരം വരെ അണയാതെ സൂക്ഷിക്കുന്നതും ഈ ആചാരത്തിന്റെ ഭാഗമാണ്. ശ്രീഭഗവതിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ പ്രതീകമായാണ് ഈ ചടങ്ങുകളെ വിശ്വാസികൾ കാണുന്നത്.
രാമായണമാസം ആരംഭിച്ചതോടെ എല്ലാ രാത്രികളിലും മുടങ്ങാതെ രാമായണപാരായണം നടത്തുന്നതും പതിവാണ്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും രാമായണപാരായണവും ഭക്തിസാന്ദ്രമായി നടക്കും. കർക്കിടകത്തിലെ അധിദാരിദ്ര്യവും കഷ്ടതകളും അകന്ന് കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിറയണമെന്ന പ്രാർഥനയോടെയാണ് ഈ ആചാരങ്ങൾ തലമുറകളായി തുടർന്നുവരുന്നത്.
കാലം മാറിയെങ്കിലും വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അടയാളമായി ഇന്നും കേരളത്തിലെ നിരവധി വീടുകളിലും ക്ഷേത്രങ്ങളിലും ഈ ആചാരങ്ങൾ അതേ ഭക്തിയോടെയും ആദരവോടെയും അനുഷ്ഠിച്ചുവരുന്നു. രാമായണമാസം ആത്മീയതയുടെയും കുടുംബഐക്യത്തിന്റെയും പാരമ്പര്യസംരക്ഷണത്തിന്റെയും മനോഹരമായ ഓർമ്മപ്പെടുത്തലായി ഇന്നും മലയാളികളുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നു.. ശ്രീലാൽ പെരുവട്ടൂർ
