
മഴക്കാലം വന്നാൽ ദുരിതകാലം; കൊയിലാണ്ടി കോതമംഗലം ഐ.എച്ച്.ഡി.പി കോളനിക്ക് ശാശ്വത പരിഹാരം എപ്പോൾ?
- ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി: മഴ ശക്തമാകുന്നതോടെ കൊയിലാണ്ടി നഗരസഭയിലെ 32 വാർഡിൽഉൾപ്പെടുന്ന കോതമംഗലം ഐ.എച്ച്.ഡി.പി കോളനിയിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് വീണ്ടും ദുരിതകാലം ആരംഭിക്കുകയാണ്. വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ടും മലിനജല പ്രശ്നവും മൂലം ഓരോ മഴക്കാലത്തും വീടുകൾ ഉപയോഗശൂന്യമാകുന്ന അവസ്ഥയാണ് ഇവിടെ.കനത്ത മഴ പെയ്യുന്നതോടെ വീടുകളിലേക്ക് വെള്ളം കയറുകയും സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് പരിസരമാകെ മലിനജലം വ്യാപിക്കുകയും ചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും വഴിവെക്കുന്ന സാഹചര്യമാണിതെന്ന് കോളനിവാസികൾ പറയുന്നു. വർഷങ്ങളായി ഈ ദുരിതം ആവർത്തിച്ചിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് അവരുടെ പരാതി.

ഓരോ മഴക്കാലവും അവസാനിക്കുമ്പോൾ അടുത്ത വർഷം പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളക്കെട്ട് ഒഴിവാക്കുമെന്ന ഉറപ്പാണ് ലഭിക്കുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനങ്ങൾ മാത്രമാണ് കുടുംബങ്ങളെ സമീപത്തെ കോതമംഗലം യു.പി. സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് താൽക്കാലികമായി മാറ്റാറുണ്ട്. എന്നാൽ അവിടെ താമസിക്കുന്നത് നിരവധി പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി കോളനിവാസിയായ കെ.വി. റീന പറഞ്ഞു. കുട്ടികളുടെ പഠനവും ദൈനംദിന ജീവിതവും താറുമാറാകുന്നതോടൊപ്പം, ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടി വരുന്നത് പുതിയ തലമുറയിലെ കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടും സാമൂഹിക അസ്വസ്ഥതയും ഉണ്ടാക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
“ഞങ്ങളുടെ ദുരിതം മറ്റുള്ളവർ സഹതാപത്തോടെയും ചിലർ പരിഹാസത്തോടെയും കാണുന്നത് കുട്ടികളെ ഏറെ വേദനിപ്പിക്കുന്നു. ഓരോ വർഷവും ക്യാമ്പിലേക്ക് മാറേണ്ടി വരുന്ന സാഹചര്യം അവസാനിപ്പിക്കാൻ ശാശ്വത പരിഹാരം വേണം,” എന്നാണ് കോളനിവാസികളുടെ ആവശ്യം.കൊയിലാണ്ടി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഈ കോളനിയിലെ വർഷങ്ങളായുള്ള വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ സമഗ്രമായ ഡ്രെയിനേജ് സംവിധാനം ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ദുരിതാശ്വാസ ക്യാമ്പുകൾ താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, വർഷംതോറും ആവർത്തിക്കുന്ന ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ അടിയന്തര ഉത്തരവാദിത്തമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.ശ്രീലാൽ പെരുവട്ടൂർ
