
സ്വർണത്തിന്റെ ഉപഭോഗം കുറയ്ക്കാൻ അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
- മാസങ്ങൾക്ക് മുൻപ് അമേരിക്ക-ഇറാൻ സംഘർഷം മൂർച്ഛിച്ച് നിന്ന സമയത്തും സമാനമായ ആവശ്യം മോദി ഉന്നയിച്ചിരുന്നു
ന്യൂഡൽഹി: സ്വർണത്തിന്റെ ഉപഭോഗം കുറയ്ക്കാൻ വീണ്ടും അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാസങ്ങൾക്ക് മുൻപ് അമേരിക്ക-ഇറാൻ സംഘർഷം മൂർച്ഛിച്ച് നിന്ന സമയത്തും സമാനമായ ആവശ്യം മോദി ഉന്നയിച്ചിരുന്നു.സോഷ്യൽമീഡിയയിലൂടെയുള്ള വിഡിയോ സന്ദേശത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്.അത്യാവശ്യമെങ്കിൽ മാത്രമേ സ്വർണം വാങ്ങാവൂ. അനാവശ്യമായി സ്വർണം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും മോദി അഭ്യർഥിച്ചു. ആഭ്യന്തര ഉപഭോഗവും സ്വാശ്രയത്വവും വർധിപ്പിക്കണമെന്ന ആഹ്വാനവും അദ്ദേഹം നടത്തി.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളർച്ച കൈവരിച്ചതിന് അദ്ദേഹം ജനങ്ങളെ അഭിനന്ദിച്ചു. സ്വാശ്രയത്വവും ആഭ്യന്തര ഉപഭോഗവും വർധിക്കുന്നതിന് സ്വദേശി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വിദേശയാത്രകളും വിദേശത്തുള്ള വിവാഹങ്ങളും ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ പൊതുവായ ആഹ്വാനത്തോടൊപ്പമാണ് സ്വർണ വാങ്ങലുകൾ കുറയ്ക്കണമെന്ന ആവശ്യവും ഇടംപിടിച്ചത്.ജൂലൈ മാസത്തിൽ സ്വർണത്തിന്റെ ഇറക്കുമതി ഏകദേശം അഞ്ചുശതമാനം വർധിച്ചിരുന്നു. 416 കോടി ഡോളറായാണ് സ്വർണ ഇറക്കുമതി വർധിച്ചത്. ഇത് വ്യാപാര കമ്മി വർധിക്കുന്നതിന് കാരണമായി. ആറുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന വ്യാപാര കമ്മിയാണ് രേഖപ്പെടുത്തിയത്. 3198 കോടി ഡോളറായാണ് വ്യാപാര കമ്മി ഉയർന്നത്.
