സ്റ്റേഡിയത്തോടുള്ള സ്നേഹവും കരുതലുമായി ശ്രീനിയേട്ടൻ

സ്റ്റേഡിയത്തോടുള്ള സ്നേഹവും കരുതലുമായി ശ്രീനിയേട്ടൻ

  • ശ്രീലാൽ പെരുവട്ടൂർ

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഒരു കായിക മത്സരം നടക്കുന്നു എന്നറിഞ്ഞാൽ, പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മറന്ന് അവിടേക്ക് എത്തുന്ന ഒരാളുണ്ട് ശ്രീനിയേട്ടൻ.പഴയകാല ഫുട്ബോൾ താരമായ ശ്രീനിയേട്ടനെ അറിയാത്ത കൊയിലാണ്ടിയിലെ കായികപ്രേമികൾ കുറവായിരിക്കും. ഒരുകാലത്ത് മൈതാനത്ത് ഗോൾവല കാത്ത് ഫുട്ബോൾ പ്രേമികളുടെ ആവേശമായിരുന്ന അദ്ദേഹം, ഇന്ന് അതേ മൈതാനത്തിന്റെ ശുചിത്വത്തിനും സംരക്ഷണത്തിനുമായി തന്റെതായ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.സ്റ്റേഡിയത്തിൽ മത്സരം നടക്കുമെന്ന് അറിഞ്ഞാൽ പലപ്പോഴും തലേദിവസം തന്നെ ശ്രീനിയേട്ടൻ ഗ്രൗണ്ടിലെത്തും. ഒരു കൈയിൽ വടിയും മറ്റേ കൈയിൽ ചൂലുമായി സ്റ്റേഡിയത്തിന്റെ പരിസരത്ത് ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കടലാസുകളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് മൈതാനം മത്സരങ്ങൾക്ക് സജ്ജമാക്കും.29, 30, 1 തീയതികളിൽ നടക്കുന്നകൊയിലാണ്ടി സബ്ജില്ലാ കായികമേളയ്ക്ക് മുന്നോടിയായും പുതിയൊരു ചൂലുമായി ശ്രീനിയേട്ടൻ സ്റ്റേഡിയത്തിലെത്തി. “വലിയൊരു കായികമേള നടക്കുകയല്ലേ… ചുറ്റുപാടൊന്ന് വൃത്തിയാക്കാം” എന്ന ചിന്തയോടെ അദ്ദേഹം തന്റെ ദൗത്യം ഏറ്റെടുത്തു.ഒരുകാലത്ത് എ.കെ.ജി. ഫുട്ബോളിൽ തിളങ്ങിയ താരമായിരുന്നു ശ്രീനിയേട്ടൻ. ചിൽഡ്രൻസ് ക്ലബ്ബിനുവേണ്ടി ഗോൾവല കാത്ത് മൈതാനത്ത് ഇറങ്ങിയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായിരുന്നു.

സബ്ജില്ലാ കായികമേളകളിലും സാന്നിധ്യംകൊണ്ട് സജീവമായിരുന്ന ശ്രീനിയേട്ടനെ ആദരിച്ച ഓർമ്മകളും കായികരംഗത്തുള്ളവർക്ക് ഇന്നുമുണ്ട്.ഇന്ന് ശരീരത്തിന് ഏറെ ബുദ്ധിമുട്ടുകളുണ്ട്. മക്കൾ പലപ്പോഴും വിലക്കുകയും ചെയ്യുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ അദ്ദേഹം സ്റ്റേഡിയത്തിലെത്തുന്നു. കാരണം, കൊയിലാണ്ടി സ്റ്റേഡിയം അദ്ദേഹത്തിന് ഒരു കളിസ്ഥലം മാത്രമല്ല; തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അദ്ദേഹത്തിന് ഏറെ വ്യാകുലതയുണ്ട്. മൈതാനം വൃത്തിയായി കിടക്കണം, കായികതാരങ്ങൾക്ക് നല്ല അന്തരീക്ഷത്തിൽ മത്സരിക്കാനാകണം എന്ന ആഗ്രഹമാണ് ഓരോ തവണയും അദ്ദേഹത്തെ ഇവിടെ എത്തിക്കുന്നത്.ശ്രീനിയേട്ടന്റെ ഈ പ്രവർത്തിക്ക് വലിയൊരു പ്രായോഗിക ഗുണവുമുണ്ട്. മത്സരത്തിന് മുമ്പ് മൈതാനവും പരിസരവും വൃത്തിയാക്കുന്നതിലൂടെ കളിക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും, പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനും, കാണികൾക്കും കായികതാരങ്ങൾക്കും സ്റ്റേഡിയത്തോടുള്ള ഉത്തരവാദിത്വബോധം വളർത്താനും ഇത് സഹായിക്കുന്നു. അതിലുപരി, ഒരു വ്യക്തിയുടെ ആത്മാർത്ഥമായ ഇടപെടൽ മറ്റുള്ളവരെയും സ്റ്റേഡിയം സംരക്ഷിക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്നു.സ്റ്റേഡിയത്തിലെ സ്ഥിരം കളിക്കാരുടെ വാക്കുകളിൽ, “ശ്രീനിയേട്ടന്റെ ശരീരത്തിന് പ്രായമായിട്ടുണ്ടാകാം. പക്ഷേ സ്റ്റേഡിയത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന് പ്രായമായിട്ടില്ല.”ഒരുകാലത്ത് ഗോൾവല കാത്ത കൈകൾ…
ഇന്ന് സ്റ്റേഡിയത്തിന്റെ ശുചിത്വം കാക്കുന്ന കൈകളായി മാറിയിരിക്കുന്നു.ശ്രീനിയേട്ടന്റെ കൈയിലെ ആ ചൂൽ വെറും ഒരു ശുചീകരണ ഉപകരണമല്ല.കൊയിലാണ്ടി സ്റ്റേഡിയത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )