
ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ്
- ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന ബെഞ്ചാണ് അവധി ദിവസമായിട്ടും ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തുന്നത്.
ന്യൂഡൽഹി : ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികളിൽ സുപ്രീംകോടതിയുടെ പ്രത്യേക സിറ്റിങ് ഞായറാഴ്ച രാവിലെ നടക്കും. അതേസമയം ഹർജിയിലെ വിഷയങ്ങൾ അപ്രസക്തമായിക്കഴിഞ്ഞെന്ന് കേന്ദ്രം വാദമുന്നയിച്ചേക്കും. മെട്രോ സ്റ്റേഷനുകളെല്ലാം തുറന്നു. സെൻട്രൽ ഡൽഹിയിലെ മൊബൈൽ ഇന്റർനെറ്റ് നിരോധനവും നീക്കി. അതിനാൽ ഹർജികളിലെ വിഷയം നിലനിൽക്കുന്നില്ലെന്ന് കേന്ദ്രം വാദിക്കും. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ള സമരക്കാരെ പോലീസ് തടഞ്ഞുവയ്ക്കുന്നതും അവരുടെ വസതിയിൽനിന്നുതന്നെ കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടും. നഗരം മുഴുവനും ഇപ്പോഴും റോഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും കോടതിയിൽ ഉന്നയിക്കപ്പെടും.

സമരക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യംചെയ്ത് തൃണമൂൽ കോൺഗ്രസ് എം.പി.യും മുതിർന്ന അഭിഭാഷകയുമായ മാനേക ഗുരുസ്വാമി നൽകിയ ഹർജിയും മെട്രോ സ്റ്റേഷനുകളും റോഡും പൂർണമായി അടയ്ക്കരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിച്ചില്ലെന്നുകാട്ടി ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ കോടതിയലക്ഷ്യ ഹർജിയുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന ബെഞ്ചാണ് അവധി ദിവസമായിട്ടും ഞായറാഴ്ച പ്രത്യേക സിറ്റിങ് നടത്തുന്നത്.
