
പരിമിതികളെ മേളത്താളം കൊണ്ട് തോൽപ്പിക്കുന്ന മിഥുൻ രാജിന് ചെണ്ട സമ്മാനിച്ച് അഡ്വ. പ്രവീൺ കുമാർ എം.എൽ.എ
കൂലിപ്പണിക്കാരനായ പിതാവിന്റെ ഏക വരുമാനത്തിൽ കഴിയുന്ന കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ഓരോ പരിശീലന ദിവസവും വരുന്ന സാമ്പത്തിക ബാധ്യത
കൊയിലാണ്ടി: മാനസിക പരിമിതികളെ കലയോടുള്ള അളവറ്റ അഭിനിവേശം കൊണ്ട് അതിജീവിച്ച് മാതൃകയാകുന്ന കൊയിലാണ്ടി പന്തലായനി കുഞ്ഞുകുളങ്ങര മിഥുൻ രാജിന് ചെണ്ട സമ്മാനിച്ച് അഡ്വ. പ്രവീൺ കുമാർ എം.എൽ.എ.
40 ശതമാനം വെല്ലുവിളികൾ നേരിടുന്ന ഈ ഇരുപത്തിനാലുകാരൻ പ്ലസ് ടു പഠനത്തിന് ശേഷം പെരുവട്ടൂർ സൗഹൃദ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് പേപ്പർ കവർ നിർമ്മാണത്തിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് പരമ്പരാഗത തനിമയുള്ള ചെണ്ടവാദനത്തിലേക്ക് തിരിഞ്ഞത്. പൂക്കാട് ശിവദാസൻ മാരാരുടെ കീഴിൽ നഗരേശ്വരം ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പാഠങ്ങൾ അഭ്യസിച്ച മിഥുൻ നിലവിൽ കാഞ്ഞിലശ്ശേരി വിനോദ് മാരാർക്ക് കീഴിലാണ് ഉപരിപഠനം നടത്തുന്നത്. എന്നാൽ, കൂലിപ്പണിക്കാരനായ പിതാവിന്റെ ഏക വരുമാനത്തിൽ കഴിയുന്ന കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ഓരോ പരിശീലന ദിവസവും വരുന്ന സാമ്പത്തിക ബാധ്യത

.
സ്വന്തമായി ചെണ്ടയില്ലാത്തതിനാൽ ദിവസവും 500 രൂപ വാടകയും 150 രൂപ യാത്രാക്കൂലിയും അടക്കം 650 രൂപ ചെലവഴിച്ചാണ് ഈ ചെറുപ്പക്കാരൻ തന്റെ വാദ്യകലയോടുള്ള മോഹം നിലനിർത്തിയിരുന്നത്. നിർധന കുടുംബത്തിന് ഈ തുക കണ്ടെത്തുന്നത് കടുത്ത പ്രതിസന്ധിയായതോടെതന്റെ സ്വപ്നം കൈവിടാതിരിക്കാൻ അഡ്വ. പ്രവീൺ കുമാർ എം.എൽ.എയുടെ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ കെ. എം സുമതി മുഖേനെ മിഥുൻ രാജ് നിവേദനം സമർപ്പിച്ചതോടെ തന്റെ സ്വപ്നം സാധിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ യുവ കലാകാരൻ. പരിമിതികളെ സംഗീതമാക്കി മാറ്റുന്ന ഈ യുവാവിനെ ആഗ്രഹം സാക്ഷാത്കരിക്കാൻ കൂടെ നിന്ന അഡ്വ. പ്രവീൺ കുമാർ എം.എൽ.എക്ക് നന്ദി പറയുകയാണ് മിഥുനും കുടുംബവും.
