
യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്ന് ധനമന്ത്രി
- ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അത് വ്യാപാരികളിൽനിന്ന് മാത്രമായിരിക്കും.
ന്യൂഡൽഹി:യുപിഐ ഇടപാടുകളിൽ ഉപഭോക്താക്കൾക്കുള്ള സൗജന്യം തുടരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഫീസ് ഈടാക്കുന്നുണ്ടെങ്കിൽ അത് വ്യാപാരികളിൽനിന്ന് മാത്രമായിരിക്കും. ബാങ്കുകൾക്കും ഫിൻടെക് സ്ഥാപനങ്ങൾക്കും ഡിജിറ്റൽ ഇടപാടുകൾക്കുള്ള സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന് ഇത്തരത്തിൽ ഈടാക്കുന്ന ഫീസ് ഉപകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ടാക്സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ പരിഹരിക്കാനാണ് ധനമന്ത്രി ഈ വിശദീകരണം നൽകിയത്. വ്യാപാരികൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ബാധകമാകും. ഡിജിറ്റൽ പണമിടപാടുകൾ പ്രൊസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്മെന്റ് സേവന ദാതാക്കളും വ്യാപാരികളിൽനിന്ന് ഈടാക്കുന്ന തുകയാണ് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്.ഇടപാട് നടത്തുന്ന ഉപഭോക്താക്കൾക്കല്ല, വ്യാപാരികൾക്കാണ് ഇത് ബാധകമാകുക. യുപിഐ, നാഷണൽ പേയ്മെന്റ് കോർപറേഷൻ (എൻപിസിഐ) എന്നിവയായിരിക്കും എംഡിആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുക.

നിയമപ്രകാരം ഫീസ് ഈടാക്കാനുള്ള അനുമതിയാണ് ഭേദഗതിവഴി ലഭിക്കുക. സാങ്കേതികവിദ്യ നവീകരിക്കുന്നതിനും ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഫിൻടെക് സ്ഥാപനങ്ങൾക്ക് ഈ തുക ഉപയോഗിക്കാം. പുതിയ ബില്ല് യുപിഐ ഇടപാടുകൾക്കുള്ള സൗജന്യം ഇല്ലാതാക്കുമെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണത്തിനായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
