
രണ്ടുമാസമായി ശമ്പളമില്ല; ഓണത്തിന് മുമ്പ് കുടിശിക നൽകണമെന്ന് സ്കൂൾ പാചക തൊഴിലാളികൾ
- ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി: ജില്ലയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന പാചക തൊഴിലാളികൾ രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പരാതിപ്പെടുന്നു. ഓണം അടുത്തെത്തുന്ന സാഹചര്യത്തിൽ കുടിശിക ഉൾപ്പെടെയുള്ള ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണിവരെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പാചക തൊഴിലാളികൾ, കുട്ടികൾക്ക് സമയബന്ധിതമായി ഭക്ഷണം ഒരുക്കുന്നതിനായി കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാൽ മാസങ്ങളായി ശമ്പളം ലഭിക്കാത്തത് കുടുംബജീവിതത്തെ തന്നെ ബാധിച്ചിരിക്കുകയാണെന്ന് അവർ പറയുന്നു.
പാചകവാതകത്തിന്റെ (എൽ.പി.ജി.) ലഭ്യതയിലെയും ചെലവിലെയും പ്രശ്നങ്ങൾ കാരണം പല സ്കൂളുകളിലും വീണ്ടും വിറകടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യേണ്ട സാഹചര്യമുണ്ടായതായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇത് ജോലിഭാരം ഗണ്യമായി വർധിപ്പിച്ചതായും അവർ പറയുന്നു.
ജീവനക്കാരുടെ എണ്ണത്തിലും വലിയ അപര്യാപ്തതയുണ്ടെന്നാണ് പരാതി. 500 വിദ്യാർത്ഥികൾ വരെ ഉള്ള സ്കൂളുകളിൽ ഒരു പാചക തൊഴിലാളിയും, 500-ൽ അധികം മുതൽ 1000 വിദ്യാർത്ഥികൾ വരെയുള്ള സ്കൂളുകളിൽ രണ്ട് തൊഴിലാളികൾ മാത്രമാണ് ജോലി ചെയ്യുന്നത്. 999 വിദ്യാർത്ഥികളുള്ള സ്കൂളിലും രണ്ട് തൊഴിലാളികൾ മാത്രം ഉപയോഗിച്ച് ഉച്ചഭക്ഷണ പദ്ധതി നടത്തേണ്ടിവരുന്നത് ഏറെ പ്രയാസകരമാണെന്ന് അവർ പറയുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് പ്രശ്നപരിഹാരത്തിനായി കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും തൊഴിലാളികളുടെ വിവിധ സംഘടനകളും വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നുമാണ് തൊഴിലാളികളുടെ ആരോപണം. ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവർക്ക് കേന്ദ്രവിഹിതം വൈകുന്നതാണ് ശമ്പളവിതരണം മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളികളായ പവിത യും രമ്യയും പറയുന്നത്, ഓണം അടുത്തെത്തുന്ന സാഹചര്യത്തിൽ ശമ്പളം ലഭിക്കാതെ കുടുംബച്ചെലവുകൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയാണെന്നാണ്. എല്ലാ വർഷവും ലഭിക്കാറുള്ള 1,300 രൂപയുടെ ഓണബോണസ് ഇത്തവണ ലഭിക്കുമോയെന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ലെന്ന് അവർ ആശങ്ക പ്രകടിപ്പിച്ചു.
ഉച്ചഭക്ഷണ പദ്ധതിയുടെ മെനുവിൽ നേരത്തെ വരുത്തിയ പരിഷ്‌കാരത്തെ തൊഴിലാളികൾ സ്വാഗതം ചെയ്യുന്നു. കുട്ടികൾക്ക് ഇഷ്ടമുള്ള ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കി നൽകാൻ കഴിഞ്ഞത് സന്തോഷം നൽകിയെന്നും അവർ പറയുന്നു. എന്നാൽ നിലവിൽ വീണ്ടും പഴയ രീതിയിലുള്ള ചോറും കറിയും മാത്രം തയ്യാറാക്കണമെന്ന നിർദേശമാണ് ലഭിച്ചിരിക്കുന്നതെന്നും അവർ അറിയിച്ചു.
ഓണത്തിന് മുമ്പ് കുടിശിക ഉൾപ്പെടെയുള്ള ശമ്പളം വിതരണം ചെയ്ത് തങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ജില്ലയിലെ സ്കൂൾ പാചക തൊഴിലാളികളുടെ ഏകകണ്ഠമായ ആവശ്യം.ശ്രീലാൽ പെരുവട്ടൂർ
