
രാജ്യത്തെ പാചകവാതക ഉപഭോഗത്തിൽ വൻ ഇടിവ്
- 2026 സെപ്റ്റംബറിൽ ഇന്ത്യയിലെ എൽപിജി ഉപഭോഗം 2,636 മെട്രിക് ടൺ ആയിരുന്നു. 2025 സെപ്റ്റംബറിൽ ഇത് 2,902 ടിഎംടി ആയിരുന്ന സ്ഥാനത്താണിത്. അതായത് 9.15 ശതമാനത്തിന്റെ ഇടിവ്
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ഉപഭോഗത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 2026 സെപ്റ്റംബറിൽ എൽപിജി ഉപയോഗത്തിൽ ഒമ്പത് ശതമാനത്തിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുൻപുള്ള സുഗമമായ വിതരണത്തിലേക്ക് രാജ്യത്തെ എൽപിജി വിപണി ഇപ്പോഴും തിരിച്ചെത്തിയിട്ടില്ലെന്ന് വിവിധ ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ ഇന്ധന ഉപഭോഗ കണക്കുകൾ സൂക്ഷിക്കുന്ന ഔദ്യോഗിക ഏജൻസിയായ പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ(PPAC) കണക്കുകൾ പ്രകാരമാണ് എൽപിജിഉപഭോഗം താഴോട്ടാണെന്ന് വ്യക്തമാക്കുന്നത്. കണക്കുകൾ വാർഷിക അടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ വലിയ അന്തരമാണ് കാണുന്നത്.2026 സെപ്റ്റംബറിൽ ഇന്ത്യയിലെ എൽപിജി ഉപഭോഗം 2,636 മെട്രിക് ടൺ ആയിരുന്നു. 2025 സെപ്റ്റംബറിൽ ഇത് 2,902 ടിഎംടി ആയിരുന്ന സ്ഥാനത്താണിത്. അതായത് 9.15 ശതമാനത്തിന്റെ ഇടിവ്. 2024 സെപ്റ്റംബറിൽ ഉപഭോഗം 2,725 ടിഎംടി ആയിരുന്നുവെന്നും കണക്കുകളിലുണ്ട്. സമാനമായി, ഈ സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസത്തെ (ഏപ്രിൽ-സെപ്റ്റംബർ) ആകെ ഉപഭോഗം കണക്കെടുത്താലും ഇടിവ് പ്രകടമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 16,218 ടിഎംടി ഉപയോഗിച്ച സ്ഥാനത്ത് ഇത്തവണയത് 13,797 ടിഎംടി ആയി ചുരുങ്ങി. അതായത് ആറ് മാസത്തെ കണക്കെടുത്താൽ 14.93 ശതമാനത്തിന്റെ കുറവ്.
.
