
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കുത്തനെ കൂട്ടി
- ഹോട്ടൽ ഭക്ഷണത്തിന് വില കൂടാൻ സാധ്യത
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കേന്ദ്രസർക്കാർ വീണ്ടും കുത്തനെ കൂട്ടി. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 3071.50 രൂപയായി ഉയർന്നു. വില വർദ്ധനവിന് പിന്നിൽ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷമാണെന്നാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. സംഘർഷം രൂക്ഷമായതിനുശേഷം ഇന്ത്യയിൽ രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ ഒന്നിനും സമാനമായ രീതിയിൽ 195 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഡൽഹിക്ക് പുറമെ കൊച്ചി, മുംബൈ തുടങ്ങിയ നഗരങ്ങളിലും സമാനമായ വില വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഈ കനത്ത വിലവർദ്ധനവ് ചെറുകിട വ്യാപാര മേഖലയെയും ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകളെയും സാരമായി ബാധിക്കും.
