
ഏഴാം വാർഡ് കൃഷിസമൃദ്ധി നേതൃത്വത്തിൽ ആരംഭിച്ച കുരുമുളക് ഗ്രാമം പദ്ധതി പ്രഖ്യാപിച്ചു
- കുരുമുളക് ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ എ.സുധാകരൻ നിർവ്വഹിച്ചു
കൊയിലാണ്ടി: നഗരസഭ ഏഴാം വാർഡ് കൃഷിസമൃദ്ധി നേതൃത്വത്തിൽ ആരംഭിച്ച കുരുമുളക് ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം കൊയിലാണ്ടി നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീ എ.സുധാകരൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി.രമേശൻ അധ്യക്ഷനായി. തളിപറമ്പിലെ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിലെ കുരുമുളക് നഴ്‌സറിയിൽ നിന്ന് വാങ്ങിയ പന്നിയൂർ 1 ഇനം വള്ളികളാണ് വാർഡിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്യുന്നത്. ഈ കുരുമുളക് വള്ളികളുടെ വിതരണ ഉദ്ഘാടനം കൗൺസിലർ ശ്രീ PK ഷൈജു നിർവ്വഹിച്ചു. കുരുമുളക് കൃഷിരീതിയെ സംബന്ധിച്ച് പെരുവണ്ണാമൂഴി കൃഷിവിജ്ഞാൻ കേന്ദ്രയിലെ ഡോ: കെ. എം പ്രകാശ് ക്ലാസെടുത്തു. കൃഷി ഓഫീസർ ശ്രീമതി ഷംസിദ സിയാദ്, കൃഷി അസിസ്റ്റൻ്റ് ശ്രീമതി ഹംന എന്നിവർ ആശംസകൾ നേർന്നു.

കൃഷിസമൃദ്ധിയുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും കൃഷിനടത്തുന്നതിന് വിത്തുകൾ വിതരണം ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായി നടത്തിയ പച്ചക്കറി തോട്ടമത്സരത്തിൽ പങ്കെടുത്ത നാൽപതോളം കൃഷിക്കാർക്കും വ്യക്തിഗത വിജയികൾക്കും കൃഷിക്കൂട്ടം വിജയികൾക്കും യോഗത്തിൽ വച്ച് ഉപഹാരങ്ങൾ വിതരണം ചെയ്തു. കൃഷിസമൃദ്ധി കൺവീനർ ശ്രീ എം.വി. ബാലകൃഷ്ണൻ സ്വാഗതവും ശ്രീ എ ഡി ദയാനന്ദൻ നന്ദിയും പറഞ്ഞു.
