
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി
- ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ നിരീക്ഷണം നടത്തിയത്.
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. അങ്ങനെ ചെയ്താൽ അത്തരം സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്നും അത് രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ നിരീക്ഷണം നടത്തിയത്. രാജസ്ഥാനിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ജനറൽ കാറ്റഗറിയിൽ പ്രവേശനം ലഭിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ ഉത്തരവ്. പ്രതിവർഷം 19 ലക്ഷം രൂപ ട്യൂഷൻ ഫീസ് നൽകാൻ തനിക്ക് സാമ്പത്തിക ശേഷിയില്ലെന്നും സർക്കാർ നിരക്കിൽ ഫീസ് ഈടാക്കാൻ കോളേജിന് നിർദ്ദേശം നൽകണമെന്നുമായിരുന്നു വിദ്യാർത്ഥിയുടെ ആവശ്യം.

സർക്കാർ കോളേജുകളും സ്വാശ്രയ കോളേജുകളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. സർക്കാർ കോളേജുകൾക്ക് ഭരണകൂടത്തിൽ നിന്ന് വലിയ തോതിൽ സബ്സിഡികൾ ലഭിക്കുമ്പോൾ, സ്വകാര്യ കോളേജുകൾ തങ്ങളുടെ എല്ലാ ചെലവുകളും സ്വയം കണ്ടെത്തേണ്ടതുണ്ട്. അതിനാൽ രണ്ട് സ്ഥാപനങ്ങളിലും ഒരേ ട്യൂഷൻ ഫീസ് വേണമെന്ന് ആവശ്യപ്പെടാനാകില്ല. സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് നിയമവിരുദ്ധമായി ക്യാപിറ്റേഷൻ ഫീസ് വാങ്ങുന്നത് മാത്രമാണ് നിരോധിച്ചിട്ടുള്ളത്. എന്നും കോടതി അറിയിച്ചു.
