
കൊയിലാണ്ടിയിൽ ‘ചിങ്ങച്ചേല്’; ഓണാഘോഷത്തിന് വർണാഭമായ തുടക്കം
കൊയിലാണ്ടി: നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് വർണാഭമായ തുടക്കം. ‘ചിങ്ങച്ചേല്’ എന്ന പേരിൽ ആഗസ്റ്റ് 15 മുതൽ 24 വരെ ഇ.എം.എസ് സ്മാരക ടൗൺഹാളിൽ വിവിധ കലാപരിപാടികൾ, കുടുംബശ്രീ വിപണനമേള, ഭക്ഷ്യമേള, കലാ-സാംസ്കാരിക ഉത്സവം എന്നിവ നടക്കും.ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് കൊയിലാണ്ടി നഗരത്തിൽ കുടുംബശ്രീ യൂണിറ്റുകൾ, സി.ഡി.എസ്, ഹരിതകർമ സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ സാംസ്കാരിക ഘോഷയാത്ര നടന്നു. ഓണപ്പൈതൃകത്തിന്റെ ഓർമകൾ ഉണർത്തി പുലികളി, മാവേലി, വിവിധ നൃത്തരൂപങ്ങൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രനും കൗൺസിലർമാരും ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ സദാശിവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ. സുധാകരൻ, രമ്യ പണ്ടാരക്കണ്ടി, എ.പി. സുധീഷ്, ദൃശ്യ എം. നജീബ്, സി.കെ. ജയദേവൻ എന്നിവർ സന്നിഹിതരായി.ടി.കെ. ചന്ദ്രൻ, അൻസാർ, എ. അസീസ്, വായനാരി വിനോദ്, രമേശ് ചന്ദ്ര, പി.കെ. കബീർ, സലാല എന്നിവർ ആശംസകൾ നേർന്നു. നഗരസഭ സെക്രട്ടറി എസ്. പ്രദീപ് നന്ദി പറഞ്ഞു.ഓണത്തിന്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന വിവിധ പരിപാടികളോടെയാണ് ‘ചിങ്ങച്ചേല്’ ആഘോഷം 24 വരെ കൊയിലാണ്ടിയിൽ അരങ്ങേറുന്നത്.
