
നാദാപുരത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപിടിത്തം; വൻ ദുരന്തം ഒഴിവായി
- സംഭവത്തിൽ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.
കോഴിക്കോട്: നാദാപുരം–തലശ്ശേരി സംസ്ഥാനപാതയിൽ ഇരിങ്ങണ്ണൂരിന് സമീപം കായപ്പനച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീയും പുകയും ഉയർന്നു. യാത്രക്കാരിൽ പരിഭ്രാന്തി പടർത്തിയ സംഭവത്തിൽ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി.
രാവിലെ 9.30ഓടെയായിരുന്നു സംഭവം. നാദാപുരത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ വിദ്യാർഥികളടക്കം നിരവധി യാത്രക്കാരുണ്ടായിരുന്നു. ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീയും പുകയും ഉയർന്നതോടെ യാത്രക്കാരും നാട്ടുകാരും ചേർന്ന് ഉടൻ ഇടപെട്ട് തീ പടരുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചു.

വിവരമറിഞ്ഞ് നാദാപുരം, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി. തുടർന്ന് തീ നിയന്ത്രണവിധേയമാക്കി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലും അഗ്നിരക്ഷാസേനയുടെ ദ്രുതപ്രവർത്തനവും വലിയ അപകടസാധ്യത ഒഴിവാക്കാൻ സഹായിച്ചു.
