
പന്തലായനി കൊല്ലത്തിന്റെ ചരിത്രവഴികളിലൂടെ ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു
നവംബർ 15 ഞായറാഴ്ച രാവിലെ 6.30ന് പാറപ്പള്ളിയുടെ കടലോരത്തുനിന്ന് ആരംഭിച്ച നടത്തം അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: പന്തലായനി കൊല്ലത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി കൊയിലാണ്ടി സോഷ്യോ കൾച്ചറൽ സൊസൈറ്റിയുടെ (KOS) നേതൃത്വത്തിൽ പന്തലായനി കൊല്ലം ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. നവംബർ 15 ഞായറാഴ്ച രാവിലെ 6.30ന് പാറപ്പള്ളിയുടെ കടലോരത്തുനിന്ന് ആരംഭിച്ച നടത്തം അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി. കൗൺസിലർമാരായ എ.പി.സുധീഷ്, തസ്‌നിയ എം.കെ. , സി.കെ. ജയദേവൻ കൊയിലാണ്ടി സോഷ്യോ കൾചറൽ സൊസൈറ്റി ചെയർമാൻ എൻ. ഇ. ഹരികുമാർ, സെക്രട്ടറി എം.ജി.ബൽരാജ് , കേരള സെൻട്രൽ യൂണിവേഴ്‌സിറ്റി ഹെറിറ്റേജ് ടൂറിസം റിസർച്ച് സ്‌കോളർ ശ്രീകേശവ്, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ഇ.കെ അജിത്ത്, എൻ.വി.വൽസൻ, ഡോ. പി. എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

നൂറ്റാണ്ടുകൾക്കുമുമ്പ് അറബികളുടെയും ചൈനക്കാരുടെയും കപ്പലുകൾ നങ്കൂരമിട്ടിരുന്ന ചരിത്രപ്രസിദ്ധമായ തുറമുഖമാണ് പന്തലായനി കൊല്ലം. ഈ പ്രദേശത്തിന്റെ ചരിത്രസ്മരണകളും സാംസ്കാരിക വൈവിധ്യവും അടുത്തറിയുന്നതിനായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
പാറപ്പള്ളിയിൽനിന്ന് ആരംഭിച്ച നടത്തം പഴയ നാട്ടുവഴികളിലൂടെയും തെങ്ങിൻതോപ്പുകൾക്കും തറവാടുകൾക്കും സമീപത്തുകൂടിയും കടന്ന് പിഷാരികാവ് ക്ഷേത്രത്തിലെത്തി. തുടർന്ന് കൊല്ലം ചിറയിലേക്കും നീണ്ടു.
വ്യത്യസ്ത മതങ്ങളും സംസ്കാരങ്ങളും പരസ്പരസഹകരണത്തോടെ സഹവർത്തിത്വം പുലർത്തിയ നാടിന്റെ ചരിത്രവും പൈതൃകവും തിരിച്ചറിയാനുള്ള അവസരമായി ഹെറിറ്റേജ് വാക്ക് മാറി. നാടിന്റെ ചരിത്രസ്മാരകങ്ങളും സാംസ്കാരിക പൈതൃകവും സംരക്ഷിച്ച് വരുംതലമുറയ്ക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യവും പരിപാടി ഓർമിപ്പിച്ചു.
