
വെങ്ങളം–നന്തി ബൈപ്പാസിൽ അമിതവേഗം; അപകടങ്ങൾ വർധിക്കുന്നു
- രാത്രികാലങ്ങളിൽ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
കൊയിലാണ്ടി: നിർമാണം പൂർത്തിയാകാത്ത വെങ്ങളം–നന്തി ബൈപ്പാസിലൂടെ വാഹനങ്ങൾ അമിതവേഗത്തിലും അശ്രദ്ധമായും സഞ്ചരിക്കുന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നു. പാതയുടെ പല ഭാഗങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ റോഡ് പൂർണമായും സുരക്ഷിതമല്ലെങ്കിലും നിരവധി വാഹനങ്ങളാണ് ദിവസേന ഉയർന്ന വേഗത്തിൽ ഇതുവഴി കടന്നുപോകുന്നത്
അപകടസാധ്യത കുറയ്ക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില വാഹനങ്ങൾ ബ്രേക്കറുകൾ ഒഴിവാക്കി അപകടകരമായ രീതിയിൽ സഞ്ചരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതുമൂലം ചെറുതും വലുതുമായ അപകടങ്ങൾ പതിവായി സംഭവിക്കുന്നതായും അവർ പറയുന്നു.

പ്രത്യേകിച്ച് രാത്രികാലങ്ങളിൽ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ റോഡിന്റെ സ്ഥിതി സംബന്ധിച്ച് മതിയായ ബോധവത്കരണം ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
ബൈപ്പാസിൽ ശക്തമായ പൊലീസ് പരിശോധന ഏർപ്പെടുത്തുകയും വേഗപരിധി കർശനമായി നടപ്പാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിർമാണം പൂർത്തിയാകുന്നതുവരെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനും അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.. ശ്രീലാൽ പെരുവട്ടൂർ
