
ഉപകാരമില്ലാതെ കാടുമൂടിക്കിടക്കുന്ന സർക്കാർ കെട്ടിടം; അധികൃതരുടെ ശ്രദ്ധ വേണം
- ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി:കൊയിലാണ്ടി–താമരശ്ശേരി റോഡിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിന് സമീപം വർഷങ്ങളായി കാടുമൂടിക്കിടക്കുകയാണ് ഒരു സർക്കാർ കെട്ടിടം.1998-ൽ ഹരിജൻ സഹകരണ സംഘത്തിനുവേണ്ടി നിർമ്മിച്ച ഈ കെട്ടിടം അന്നത്തെ പട്ടികജാതി–പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനപാതയോട് ചേർന്ന് ഏറെ പ്രാധാന്യമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടം ഇന്ന് വർഷങ്ങളായി യാതൊരു പ്രയോജനവുമില്ലാതെ കാടുമൂടിക്കിടക്കുന്ന അവസ്ഥയിലാണ്.പരിസരം കാടുപിടിച്ചതോടെ ഇഴജന്തുക്കളുടെയും മറ്റ് ജീവികളുടെയും ആവാസകേന്ദ്രമായി കെട്ടിടവും പരിസരവും മാറിയിരിക്കുകയാണ്. പൊതുമുതൽ ഇത്തരത്തിൽ നശിച്ചുപോകുന്നത് നാട്ടുകാർക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഇപ്പോഴും പിന്നോക്ക വികസന ക്ഷേമ സമിതിയുടെ കൈവശമാണെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്ഥലം സന്ദർശിച്ച് കെട്ടിടത്തിന്റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.കെട്ടിടം ഉപയോഗയോഗ്യമല്ലെങ്കിൽ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കുകയോ, അല്ലെങ്കിൽ നിലവിലെ കെട്ടിടം നവീകരിച്ച് പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഏതെങ്കിലും ആവശ്യത്തിനായി മാറ്റുകയോ ചെയ്യണം. സർക്കാർ സ്ഥാപനം എന്ന നിലയിൽ വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ഈ കെട്ടിടത്തിന് ഒരു പുതിയ ദൗത്യം നൽകാൻ അധികൃതർ തയ്യാറാകണം.നല്ലൊരു സർക്കാർ പദ്ധതിക്കോ പൊതുജനോപകാരപ്രദമായ സ്ഥാപനത്തിനോ ഉപയോഗിക്കാവുന്ന ഈ സ്ഥലം ഇനിയും കാടുമൂടിക്കിടക്കേണ്ടതില്ല. ബന്ധപ്പെട്ടവരുടെ അടിയന്തര ശ്രദ്ധ ഉണ്ടായാൽ വർഷങ്ങളായി പാഴായി കിടക്കുന്ന ഈ കെട്ടിടം നാട്ടിന് ഉപകാരപ്പെടുന്ന ഒരു സ്ഥാപനമായി മാറ്റാൻ കഴിയും
