
ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളിൽ പരിശോധന നടത്തി
- നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ മാർക്കറ്റ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ പ്രത്യേക പരിശോധന നടത്തിയത്
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിലെ പ്രധാന മത്സ്യ വിപണികളായ സെൻട്രൽ മാർക്കറ്റ്, വെള്ളയിൽ മാർക്കറ്റ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ പ്രത്യേക പരിശോധന നടത്തി. 34 മത്സ്യ സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പ്രാഥമിക ഗുണനിലവാര പരിശോധനകൾ നടത്തി. ഗുണനിലവാരമില്ലാത്ത ആറ് കിലോഗ്രാം സ്കിപ്പ്ജാക്ക് ട്യൂണ മത്സ്യം പിടിച്ചെടുത്ത്ഫ്രോസൻ മത്സ്യങ്ങൾ 18 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ അതിൽ താഴെയുള്ള താപനിലയിൽ സൂക്ഷിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.

ഇത്തരം മത്സ്യങ്ങൾ മത്സ്യക്കടകളിൽ സാധാരണ അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ഫ്രോസൻ മത്സ്യങ്ങൾ ഉരുകിയ നിലയിൽ സൂക്ഷിക്കുന്നതോ വിൽപ്പന നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 18004251125 ൽഅറിയിക്കണം.റീട്ടെയിൽ വിൽപ്പനക്കാർ മത്സ്യം സൂക്ഷിക്കുമ്പോൾ ഒരു കിലോഗ്രാം മത്സ്യത്തിന് കുറഞ്ഞത് ഒരു കിലോഗ്രാം ഐസ് എന്ന അനുപാതം പാലിക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത മത്സ്യ വിൽപനക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ ബിബി മാത്യു അറിയിച്ചു.
