
ഓണം അടുത്തെത്തുമ്പോൾ കൊയിലാണ്ടി ശ്വാസംമുട്ടുന്നു
- ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി: ഓണം അടുത്തെത്തിയതോടെ കൊയിലാണ്ടി നഗരത്തിൽ തിരക്ക് അതിന്റെ പാരമ്യത്തിലെത്തുകയാണ്. അടുത്ത രണ്ടാഴ്ച കൊയിലാണ്ടി നഗരത്തിലൂടെ യാത്ര ചെയ്യുക എന്നത് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. വാഹനത്തിരക്കും അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും കാരണം പ്രധാന റോഡുകളിലാകെ ഗതാഗതം താറുമാറായിരിക്കുകയാണ്.
നഗരത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നു. പലപ്പോഴും ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ കഴിയുന്ന തരത്തിലേക്ക് റോഡ് ചുരുങ്ങുന്ന സ്ഥിതിയാണ്. തിരക്കേറിയ സമയങ്ങളിൽ ഇരുചക്രവാഹനങ്ങൾ പോലും സുഗമമായി ഓടിച്ചുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഓണത്തിരക്ക് വർധിക്കുന്നതോടെ സ്ഥിതി ഇനിയും രൂക്ഷമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, ഹോം അപ്ലയൻസസ് സ്ഥാപനങ്ങൾ തുടങ്ങി നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലേക്ക് ദിവസേന നിരവധി ആളുകളാണ് എത്തുന്നത്. എന്നാൽ ഇവിടേക്ക് എത്തുന്ന വാഹനങ്ങൾക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യം നഗരത്തിൽ ലഭ്യമല്ല.
ഓണക്കാലത്തെ വിൽപ്പന മുന്നിൽ കണ്ട് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കൊയിലാണ്ടിയിലെ വ്യാപാരികൾ കടകളിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് വാഹനങ്ങൾ നിർത്താൻ പോലും സൗകര്യമില്ലാത്ത സാഹചര്യം വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുകയാണ്.
ടെക്സ്റ്റൈൽ വ്യാപാരികൾ മുതൽ ഹോം അപ്ലയൻസസ് വ്യാപാരികൾ വരെ ഓണക്കാലത്തെ കച്ചവടത്തെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്കും പാർക്കിംഗ് പ്രശ്നവും കാരണം ആളുകൾ കൊയിലാണ്ടിയിലെത്താൻ മടിക്കുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.
പ്രത്യേകിച്ച് ഗവൺമെന്റ് ആശുപത്രി ഉൾപ്പെടെയുള്ള തിരക്കേറിയ മേഖലകളിൽ അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അടിയന്തര ആവശ്യങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും പോലും സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകരുതെന്ന ആവശ്യവും ഉയരുന്നു.
കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി പലതവണ വിവിധ നിർദ്ദേശങ്ങൾ ഉയർന്നിട്ടും കാര്യമായ നടപടികൾ ഉണ്ടാകാത്തതാണ് ജനങ്ങളുടെ പ്രധാന പരാതി.

ഓണം കഴിയുന്നതുവരെ നഗരത്തിൽ പ്രത്യേക ഗതാഗത നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുകപ്രധാന റോഡുകളിലെ അനധികൃത പാർക്കിംഗ് കർശനമായി നിയന്ത്രിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ വൺവേ സംവിധാനം ഏർപ്പെടുത്തുകതാൽക്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുക, വഴിയോര കച്ചവടം നിയന്ത്രിക്കുക, തിരക്കേറിയ ജംഗ്ഷനുകളിൽ പ്രത്യേക ട്രാഫിക് ഉദ്യോഗസ്ഥരെ നിയോഗിക്കുക തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
ഓണത്തിരക്ക് ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇത്തരം നടപടികൾ സ്വീകരിച്ചാൽ വലിയൊരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും. അല്ലാത്തപക്ഷം അടുത്ത രണ്ടാഴ്ച കൊയിലാണ്ടിയിലെത്തുന്ന ജനങ്ങൾക്കും നഗരത്തിലെ വ്യാപാരികൾക്കും വലിയ ദുരിതകാലമായി മാറാൻ സാധ്യതയുണ്ട്.
ജനങ്ങൾക്ക് നഗരത്തിലെത്താൻ കഴിയണം; വ്യാപാരികൾക്ക് കച്ചവടം നടത്താനും കഴിയണം.
ഓണക്കാലം കൊയിലാണ്ടിയിലെ വ്യാപാര മേഖലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സമയമാണ്. ഈ അവസരം നഷ്ടപ്പെടുന്നത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക തിരിച്ചടിയാകും. അതേസമയം, ഗതാഗതക്കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വരുന്നത് സാധാരണ ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ്.
അതിനാൽ ജനങ്ങളുടെ യാത്രാസൗകര്യവും വ്യാപാരികളുടെ കച്ചവട താൽപര്യവും ഒരുപോലെ സംരക്ഷിക്കുന്ന അടിയന്തര ഗതാഗത പദ്ധതി കൊയിലാണ്ടിയിൽ നടപ്പാക്കണം.
ഓണം കഴിയുന്നതുവരെ നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക സംവിധാനം ഒരുക്കുകയും അനധികൃത പാർക്കിംഗിനും വഴിയോര കച്ചവടത്തിനുമെതിരെ കർശന നടപടി സ്വീകരിക്കുകയും താൽക്കാലിക പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്യണം.
ഓണത്തിരക്കിനെ നേരിടാൻ ഇപ്പോഴെങ്കിലും അധികൃതർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ, തിരക്കിൽ കൊയിലാണ്ടി തന്നെ നിശ്ചലമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.ശ്രീലാൽ പെരുവട്ടൂർ
