
സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിന് ശനിയാഴ്ച അവധിനൽകി:കേന്ദ്രകമ്മിറ്റിയംഗങ്ങൾ സമരത്തിൽ അണിനിരക്കുമെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി
- പ്രക്ഷോഭം നടക്കുമ്പോൾ അതിൽ പങ്കാളികളാവുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും അതിനാലാണ് യോഗം മാറ്റിവെക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു.
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ്കുമാറിനുനേരേ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി സി.പി.എം. കേന്ദ്രകമ്മിറ്റി യോഗത്തിന് ശനിയാഴ്ച അവധിനൽകി. യോഗം നിർത്തിവെച്ച് കേന്ദ്രകമ്മിറ്റിയംഗങ്ങൾ സമരത്തിൽ അണിനിരക്കുമെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി പത്രസമ്മേളനത്തിൽ അറിയിച്ചു. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഭരണഘടനയും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുകയാണ് മറ്റെന്തിനെക്കാളും മുഖ്യം.പ്രക്ഷോഭം നടക്കുമ്പോൾ അതിൽ പങ്കാളികളാവുകയെന്നതാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും അതിനാലാണ് യോഗം മാറ്റിവെക്കുന്നതെന്നും എം.എ. ബേബി പറഞ്ഞു.

പ്രക്ഷോഭത്തെ നേരിടാൻ യുദ്ധസമാനമായ സാഹചര്യമാണ് ഡൽഹിയിൽ കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. ബാരിക്കേഡുകളുടെ നഗരമായി ഡൽഹിയെ മാറ്റി. ഇതിനെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്. അതിൽ ഭാഗികമായ ആശ്വാസം സുപ്രീംകോടതിയിൽനിന്ന് ലഭിച്ചു. എസ്.എഫ്.ഐ.യുടെ വൈസ് പ്രസിഡന്റ് സത്യ ഷായെ ഉൾപ്പെടെ ഗുജറാത്തിൽ വീട്ടുതടങ്കലിലാക്കി പോലീസ് ഭയപ്പെടുത്തുകയാണെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത എസ്.എഫ്.ഐ. ജോയിന്റ്ഐഷി ഘോഷ് പറഞ്ഞു.ശനിയാഴ്ചത്തെ ജന്തർമന്ദർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാവിലെ സമരവേദിയിലേക്ക് നീങ്ങും. മുതിർന്ന പി.ബി അംഗം പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തേക്കും.
