
വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
- സ്കൂളിൽ മാത്രം ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം 17 ആയി ഉയർന്നു.
വയനാട്: വയനാട്ടിൽ ഷിഗെല്ല വ്യാപനം തുടരുന്നതിനിടെ ഒരു വിദ്യാർത്ഥിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാർത്ഥിക്കാണ് പുതുതായിരോഗബാധ കണ്ടെത്തിയത്. ഇതോടെ സ്കൂളിൽ മാത്രം ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം 17 ആയി ഉയർന്നു. നിലവിൽ 21 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾശക്തമാക്കിയിട്ടുണ്ട്. രോഗബാധിതരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി നിരീക്ഷണം തുടരുകയാണ്.

സ്കൂൾ പരിസരങ്ങളിലും സമീപപ്രദേശങ്ങളിലുമായി ആരോഗ്യപ്രവർത്തകർ ബോധവത്കരണ പ്രവർത്തനങ്ങളും ശുചിത്വപരിശോധനകളും നടത്തുന്നുണ്ട്.മലിനമായ ഭക്ഷണവും കുടിവെള്ളവും വഴിയാണ് ഷിഗെല്ല പ്രധാനമായും പകരുന്നത്. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻ തന്നെ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു. പലപ്പോഴും വീടുകളിലെ കിണറുകൾക്കും കുടിവെള്ള സ്രോതസുകൾക്കും വേണ്ടത്രസംരക്ഷണം ലഭിക്കാറില്ല. മഴവെള്ളത്തോടൊപ്പം മലിനജലവും മാലിന്യങ്ങളും കിണറുകളിലേക്ക് എത്തുന്നത് രോഗാണുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യുന്ന ആഹാരം കഴിക്കുന്നത് ഏവരും ഈ മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്.
