
‘ക്ണാപ്പൻ’ കൊയിലാണ്ടിയുടെ കലാസ്നേഹികളുടെ മനസ്സിൽ ഇടംനേടി
- ശ്രീലാൽ പെരുവട്ടൂർ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ വിപണന മേളയിൽ ശ്രദ്ധേയമായി വടകര അകം തിയേറ്റർ ഗ്രൂപ്പിന്റെ ഏകാങ്ക നാടകം ‘ക്ണാപ്പൻ’.അകം അശോകന്റെ മികച്ച അഭിനയ മികവിൽ അരങ്ങിലെത്തിയ നാടകം കൊയിലാണ്ടിയിലെ നാടകപ്രേമികളെ ആവേശത്തിലാഴ്ത്തി. സമൂഹത്തിലെ നന്മകളെയും തിന്മകളെയും ഒരുപോലെ തുറന്നുകാട്ടുകയും വിമർശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രമേയമാണ് ‘ക്ണാപ്പൻ’ അവതരിപ്പിച്ചത്.

വിനീഷ് മണിയൂരിന്റെ രചനയും പ്രേമൻ മുചുകുന്നിന്റെ സംവിധാനവും നാടകത്തിന് കൂടുതൽ മികവ് നൽകി. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും, ഉപദേശിക്കുന്നതിനൊപ്പം സമൂഹത്തിന്റെ നേർക്കാഴ്ചകൾ തുറന്നുകാട്ടുകയും ചെയ്ത അവതരണം പ്രേക്ഷകരുടെ കൈയടി നേടി.നാടകം ഇന്നും ജനഹൃദയങ്ങളിൽ എത്രത്തോളം ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി ‘ക്ണാപ്പൻ’ മാറി.ഓണാഘോഷ വേദിയിൽ വേറിട്ടൊരു കലാനുഭവം സമ്മാനിച്ച അകം തിയേറ്റർ ഗ്രൂപ്പിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
